INVESTMENT OPPORTUNITY OVER 1.5 LAKH TO REDUCE INCOME TAX BURDEN..?


ഒന്നര ലക്ഷത്തിനു മേല്‍  നിക്ഷേപിച്ചുകൊണ്ടു, വരുമാനനികുതി ഇളവു നല്‍കുന്ന  പദ്ധതിയുണ്ടോ

താരതമ്യേന ആകര്‍ഷകമായ വേതനവ്യവസ്ഥകളും മത്സരിച്ചു ക്ഷാമബത്തയും നല്‍കി ഭരണകൂടങ്ങള്‍ തങ്ങളുടെ ജീവനക്കാരനെ പുളകിതനാക്കുമ്പോഴും വരുമാനനികുതിയുടെ കാര്യത്തില്‍ ആനുപാതികമായ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ എന്തുകൊണ്ടോ അവര്‍ അത്രത്തോളം ഉത്സാഹംകാണിച്ചുകണ്ടിട്ടില്ല. അതുകൊണ്ട്തന്നെ അവന്‍റെ മടിശ്ശീലയിലെ തുട്ടുകളുടെ വലിയ പങ്കും തിരികെ വരുമാനനികുതിയുടെ പേരും പറഞ്ഞു പിടുങ്ങുന്നത് കാണുമ്പോള്‍ പകച്ചുനില്‍ക്കേണ്ട ഗതികേടിലാണ് പലരും. പൊതുവേ ശരാശരിക്കുമെലെ ശമ്പളവരുമാനം നേടുന്നവര്‍ താടിക്ക് കയ്യും കൊടുത്ത് ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട്, “ഒന്നര ലക്ഷത്തിനു മേല്‍ വരുമാനനികുതി ഇളവു നല്‍കുന്ന നിക്ഷേപ പദ്ധതിയുണ്ടോ ?”



തീര്‍ച്ചയായും ഉണ്ട്. നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (NPS) എന്നപേരില്‍ പരിചിതമായി വരുന്ന ഒരു പദ്ധതിയാണിത്. പ്രാണവേദനക്കുള്ള ഒറ്റമൂലി എന്ന നിലയിലാണോ എന്ന് തോന്നിപ്പിക്കും വിധം ഇവന്റെ രജിസ്ട്രേഷൻ നമ്പറിന് PRAN (Permanent Retirement Account Number) എന്ന ഇരട്ടപ്പേരും ചാര്‍ത്തിക്കിട്ടിയിട്ടുണ്ട്.

1. Contributory pension ആനുകൂല്യം നേടുന്നവര്‍ക്ക് മാത്രം ചര്‍ച്ച ചെയ്യപ്പെടാന്‍ വകുപ്പുള്ള ഒന്നാണോ NPS ?
2. ‘തല്‍ക്കാല ഉളുക്ക്നിവാരണി’ എന്ന രീതിയില്‍ ഇവന്‍ പരീക്ഷിച്ചാല്‍, ചില അലോപ്പതി മരുന്നുകള്‍ക്കുള്ളതുപോലെ, ഭാവിയില്‍ പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുമോ?

എന്നിങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങള്‍ സ്വാഭാവികമായും പൊന്തിവരാം. സാങ്കേതിക പദങ്ങള്‍ നിരത്തി പഴുതുകളടച്ച് പൂര്‍ണ്ണത വരുത്തും വിധം വിവരിക്കാതെ, പരിമിതികള്‍ കാണാമെങ്കിലും സാധാരണക്കാരന്‍റെ ഭാഷയില്‍ കുറിക്കാന്‍ ശ്രമിക്കുകയാണ് ചുവടെ. 
എന്താണ് NPS
കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പുതിയ പെന്‍ഷന്‍ പദ്ധതിയാണ് NPS. ഈ പദ്ധതി പ്രകാരം 2004 ജനുവരിക്കുശേഷം നിയമിക്കപ്പെട്ട ഓരോ പുതിയ ജീവനക്കാരനും തന്‍റെ നിയമനവേളയില്‍തന്നെ ഈ വിരമിക്കല്‍ ആനുകൂല്യ പദ്ധതിയില്‍ അംഗമാകേണ്ടതുണ്ട്. ജോലിയില്‍ പ്രവേശിച്ച മാസം മുതല്‍ വിരമിക്കുന്നത് വരെ ഇത്തരം ജീവനക്കാര്‍ മാസം തോറും നിശ്ചിത തുക NPS അക്കൊണ്ടില്‍ അടക്കണം. വിരമിക്കുന്ന സന്ദര്‍ഭത്തില്‍ ഈ നിക്ഷേപം അവന്‍റെ തുടര്‍ന്നുള്ള ജീവിതോപാധി എന്ന നിലയില്‍ വിനിയോഗിക്കാന്‍ കഴിയും എന്നാണു വിവക്ഷിക്കുന്നത്. 2004 ജനുവരിക്കുശേഷം നിയമിക്കപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തിന്റെ (Pay+DA)  10% തുക ഗവര്‍മെണ്ട് വിഹിതമെന്ന (Employer contribution) നിലയില്‍ നല്‍കുന്നുണ്ട്. ഒരാള്‍ ഈ പദ്ധതിയില്‍ അംഗമാകുന്നതോടെ അദ്ദേഹത്തിനു ഒരു Personal Pension Account Number (PPAN) അഥവാ PRAN അനുവദിച്ചു നല്‍കും. ജീവിതകാലം മുഴുവന്‍ ഈ നമ്പര്‍ അവന്‍റെ പേരില്‍ മാറ്റമില്ലാതെ തുടരും. അദ്ദേഹം നിലവിലുള്ള ജോലി ഉപേക്ഷിച്ചു മറ്റു ജോലിയില്‍ പ്രവേശിക്കുംപോഴും സ്വയം തൊഴിലില്‍ ഏര്‍പ്പെടുമ്പോഴും ഇതേ നമ്പറില്‍ തന്നെയായിരിക്കും തുടര്‍ന്നു വരുന്ന അടവുകള്‍ പോകുന്നത്. NPS പദ്ധതിയിൽ Tier 1 Account, Tier 2 Account എന്നിങ്ങനെ രണ്ടു തരം നിക്ഷേപ സാദ്ധ്യത നൽകുന്നുണ്ട്. NPS Tier 1 Account നെ പറ്റിയാണ് ഈ ലേഖനത്തിൽ തുടർന്ന് വിവരിക്കുന്നത് 
 NPS നിഷേപങ്ങള്‍ പുതിയ ജീവനക്കാര്‍ക്ക് മാത്രമോ ?
 1-4-2009 നു ശേഷം ഈ പദ്ധതിയില്‍ ചേരാനുള്ള അവസരം മേല്‍പ്പറഞ്ഞ ജീവനക്കാര്‍ക്ക് പുറമേ ഏതുതരം പൗരനും സാധിക്കും വിധം പരിഷ്കരിക്കപ്പെട്ടു. അതുകൊണ്ട് തന്നെ നിലവില്‍ EPF പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന പഴയ ജീവനക്കാരനും, താത്പര്യമുള്ളപക്ഷം NPS പദ്ധതിയില്‍ നിക്ഷേപം നടത്താവുന്നതാണ്. രണ്ടു വഞ്ചിയിലും കാലുവച്ചുള്ള ഈ യാത്രയില്‍ ഭയപ്പെടേണ്ട കാര്യമൊന്നുന്നുമില്ല
 വരുമാനനികുതി ഇളവുകളും NPS ഉം.
Contributory pension വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്  NPS പദ്ധതിയിലെ Employer contribution സംബന്ധമായ നികുതി ഇളവ് ആനുകൂല്യങ്ങളും Employee contribution സംബന്ധമായ നികുതി ഇളവ്  ആനുകൂല്യങ്ങളും എന്ന രീതിയിൽ രണ്ടു തരം നികുതി ഇളവ് ആനുകൂല്യം ലഭിക്കും. ഈ രണ്ടു നികുതി ഇളവ് ആനുകൂല്യങ്ങളും പരിഗണിക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്.

 Employer contribution ഉം നികുതി ആനുകൂല്യങ്ങളും 
ജീവനക്കാരന്‍റെ പേരില്‍ തൊഴില്‍ ദാദാവ്‌ അടക്കുന്ന മുഴുവന്‍ തുകയും (Employer contribution) നികുതിവിമുക്തമാണ്. ഈ പറഞ്ഞ കാര്യത്തില്‍ രണ്ടു വസ്തുതകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന്-ജീവനക്കാരന്‍ നികുതി കണക്കുകള്‍ നല്‍കുമ്പോള്‍ Employer contribution (ഉദാ. ഗവ. അടവ്) തുക perquisites എന്ന പേരില്‍ ആദ്യം വരുമാനത്തില്‍ ഉള്‍പ്പെടുത്തിയതിനുശേഷം, (ഇതിനെ മുതലാളി നൽകുന്ന അധിക ശമ്പളമായി വരുമാനം കൂട്ടിയ ശേഷം) വകുപ്പ് 80CCD(2) പ്രകാരം പിന്നീട് കുറയ്ക്കുകയാണ് വേണ്ടത്. അതായത് ആദ്യം ഗ്രോസ് ശമ്പളം വര്‍ദ്ധിക്കുകയും പിന്നീട് ഇളവായി കുറച്ചുകാണിക്കുകയും ചെയ്യണം. തൊഴില്‍ദാദാവ്‌ നല്‍കുന്ന വിഹിതത്തിനു ലഭിക്കുന്ന നികുതി ഇളവ്, ശമ്പളത്തിന്റെ (Pay+DA) 10% നുള്ളില്‍ വരുന്ന തുകക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. (2022-23 സാമ്പത്തീക വർഷ കണക്കുകൂട്ടലിൽ ഇത് 14% ആക്കി പുതിയ ബഡ്ജറ്റിൽ ഉയർത്തി). നമ്മുടെ സര്‍ക്കാര്‍ ജീവനക്കാരനെ സംബന്ധിച്ചിടത്തോളം ആവശ്യമായ തുക മാത്രമാണ് ഇങ്ങനെ സര്‍ക്കാര്‍ വിഹിതമായി അനുവദിക്കുന്നത് എന്നതിനാല്‍ ‘ഭയപ്പെടേണ്ട’ കാര്യമില്ല. 
(ഈ ഇളവ്, നികുതി കണക്കാക്കൽ ഓപ്ഷനിലെ  New Regime നും   Old Regime rate Tax option നും ബാധകമാണ്)

ജീവനക്കാരന്‍റെ അടവുകളും (Employee contribution) വരുമാന നികുതി ഇളവുകളും. 
നിലവില്‍ ചാപ്റ്റര്‍ VI- A യില്‍ ഉള്‍പ്പെടുന്ന 80C, 80CCC, 80CCD വകുപ്പുകള്‍ പ്രകാരം ഒരുജീവനക്കാരനു പരമാവധി ലഭിക്കാവുന്ന നികുതി കിഴിവ് ഇപ്പോള്‍ 1.5 ലക്ഷമാണല്ലോ. എന്നാല്‍ 2015-16 സാമ്പത്തീക വര്‍ഷത്തില്‍ ഏര്‍പ്പെടുത്തിയ പുതിയ വകുപ്പ് (80CCD(1B) പ്രകാരം, 50000 രൂപ കൂടെ NPS പദ്ധതിയില്‍ നിക്ഷേപിക്കുന്ന ഒരാൾക്ക്, മൊത്തം ഇളവു രണ്ടു ലക്ഷം വരെയായി ഉയര്‍ത്താന്‍ തന്ത്രപൂര്‍വ്വം കഴിയും. (ഈ ഇളവ്  Old Regime സ്വീകരിക്കുന്നവർക്ക് മാത്രം ലഭ്യം)

ഇങ്ങനെ പറയുമ്പോള്‍ പൊതുവേ ഉണ്ടാകാന്‍ സാധ്യതയുള്ള സംശയങ്ങള്‍ക്ക് ചുവടെ കാണുന്ന വരികള്‍ ഉത്തരം നല്‍കിയേക്കാം.

2020-21 സാമ്പത്തീക വര്‍ഷത്തില്‍ പരിഷ്കരിച്ച വരുമാന നികുതി സമ്പ്രദായത്തിലെ New Regime (പുതുതായി അനുവദിക്കപ്പെട്ട option) നികുതിനിരക്ക് തെരഞ്ഞെടുക്കുന്നവര്‍ക്ക് NPS നിക്ഷേപത്തിലൂടെ Employee contribution നടത്തിയതുമൂലമുള്ള ഇളവു ലഭിക്കില്ല. അതെ സമയം മേല്‍ സൂചിപ്പിച്ചപോലെ,  Employer contribution (ഉദാ GOVERNMENT വിഹിതമായി ജീവനക്കാരന്റെ NPS ല്‍ അടക്കുന്ന തുക) നു New Regime തെരഞ്ഞെടുത്തവര്‍ക്കും  ഇളവു ലഭിക്കും. 
OLD REGIME നികുതി നിരക്കുകളാണ് option ആയി തെരഞ്ഞെടുത്തിട്ടുള്ളത് എങ്കില്‍ പേടിക്കാനില്ല, Employee contribution ആയി അടച്ച തുകക്കും Employer contribution ആയി അടച്ച തുകക്കും പൊതു നിബന്ധനപ്രകാരമുള്ള നികുതി ഇളവു  ലഭിക്കും. 

 1. ഒന്നര ലക്ഷം രൂപക്കുമെലെ ലഭിക്കുന്ന 50000 രൂപ വരെയുള്ള പ്രത്യേക കിഴിവ് നേടാന്‍ NPS പദ്ധതിയില്‍ തന്നെ അവനവന്‍  പണം നിക്ഷേപിക്കേണ്ടതുണ്ട്. 30%  സ്ലാബ്ൽ നികുതി അടയ്ക്കുന്ന ഉയർന്ന വരുമാനക്കാരനായ ഒരാൾക്ക് ഈ രീതിയിൽ അമ്പതിനായിരം നിക്ഷേപിച്ചുകൊണ്ടു 15600 രൂപ, നികുതി ഇളവായി  ഒറ്റയടിക്ക് ലാഭിക്കാനാകും (50,000 രൂപയുടെ 30% + 4% സെസ്). 20% സ്ലാബ്ൽ നികുതി അടയ്ക്കുന്നവന് നികുതി ഇളവ് 10400 രൂപയും, 5% സ്ലാബ്ൽപ്പെട്ടവന് ലാഭം 2600 രൂപയാണ് 

2. 80C, 80CCC എന്നീ വകുപ്പ് പ്രകാരം LIC, Provident Fund, NSC, PPF, SLI, GI, Tax Saving FD, Housing Loan Principal repayment, Tuition Fee payment എന്നിവ നടത്തിയ ഒരാള്‍ ഇങ്ങനെ 1.5 ലക്ഷം രൂപയുടെ നിക്ഷേപ പരിധി കഴിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍, ഇതു വരെയും NPS പദ്ധതിയില്‍ അംഗമായിട്ടില്ലെങ്കില്‍ പോലും ഇപ്പോള്‍ തന്നെ ഇത്തരം നിക്ഷേപം നടത്തി, കൂടുതലായുള്ള 50000 രൂപ വരെയുള്ള വരുമാന നികുതി ഇളവു നേടാം. ഒരുവന്‍ ഇതിനകം EPF പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ള ആളാണ്‌ എന്നത് അവനെ ഒരു നിലക്കും നികുതി ഇളവു നേടുന്നതില്‍ അയോഗ്യനാകുന്നില്ല !

 3. NPS പദ്ധതിയില്‍ മാത്രമായി ഒരാള്‍ 1.5 ലക്ഷം രൂപ (Employee contribution) നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ തന്നെ അയാള്‍ക്ക് കൂടുതലായി 50000 രൂപ വരെ വീണ്ടും നിക്ഷേപിച്ച് മൊത്തം 2 ലക്ഷം രൂപയുടെ നിക്ഷേപം സാധ്യമാക്കുന്നു 
4. contributory pension വിഭാഗത്തില്‍ പെടുന്നവരെ സംബന്ധിച്ചിടത്തോളം  Employee contribution എന്ന നിലയില്‍ ജീവനക്കാരന്‍ അടക്കുന്ന തുകയായ 1.5 ലക്ഷം രൂപയുടെയും(80CCD) കൂടുതാലായി നിക്ഷേപിക്കാവുന്ന 50000 രൂപയുടേയും80CCD(1B) നികുതിയിളവിന് പുറമെയാണ് Employer contribution നു ലഭിക്കുന്ന ഇളവ്( 80CCD(2)). അതായത് Employer contribution തുക രണ്ടു ലക്ഷം പരിധിക്കുള്ളില്‍ ഉള്‍പ്പെടുന്നില്ലെന്നു സാരം.
 NPS പദ്ധതിയും പരിമിതികളും 
കാര്യങ്ങള്‍ ഈ പറഞ്ഞ വിധമാണെങ്കിലും കണ്ണുമടച്ച് നിക്ഷേപിക്കാവുന്ന ഒരു മേഘലയായി NPS നെ കാണാന്‍ പലരും വിമുഖത കാണിക്കാറുണ്ട്. എന്തായാലും ദീര്‍ഘവീക്ഷ്ണത്തോടെ കാര്യങ്ങള്‍ നോക്കിക്കണ്ടുവേണം ഒരാള്‍ ഇവിടെ നീങ്ങേണ്ടത്. വളരെ വിശദീകരിച്ചു പറയേണ്ട ഒരു വിഷയമാണിതെങ്കിലും ഒരു സാധാരണക്കാരന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ചുവടെ കാണുന്ന വസ്തുതകള്‍ മനസ്സില്‍ വക്കുന്നത് നന്നായിരിക്കും:-
 1. NPS അക്കൊണ്ടില്‍നിന്നു 60 വയസ്സ് പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് നിക്ഷേപ സംഖ്യ ഭാഗീകമായി പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങളോടെ സാധിക്കും 

 2. സാധാരണ ഗതിയില്‍ 60 വയസ്സ് പൂര്‍ത്തീകരിക്കുമ്പോള്‍ NPS നിക്ഷേപത്തിന്‍റെയും വളർച്ചയുടെയും അടക്കമുള്ള തുകയുടെ  60 ശതമാനം പിന്‍വലിക്കാം. ബാക്കി 40 ശതമാനം ഓരോരുത്തരുടേയും വ്യത്യസ്തമായ താത്പര്യങ്ങള്‍ മുന്നില്‍ കണ്ട് Annuity scheme കളില്‍ അടക്കപെടുന്നു. ഈ തുക ഉപയോഗിച്ച് 60 വയസിനു ശേഷം, പെൻഷൻ എന്ന രീതിയിൽ വിഹിതം നൽകിക്കൊണ്ടിരിക്കും, താരതമ്യേന സാധാരണ ബാങ്ക് സ്ഥിര നിക്ഷേപ പദ്ധതികളെക്കാൾ ഉയർന്ന വരുമാനം, പൊതുവേ സാമ്പത്തീക പരാധീനതകൾ ഉള്ള നടപ്പ് കാലത്തുപോലും NPS ൽ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട് 

 3. NPS നിക്ഷേപങ്ങള്‍ അത് അടക്കുന്ന വര്‍ഷങ്ങളില്‍ നികുതിയിളവു നല്‍കുമെങ്കിലും തിരികെ ലഭിക്കുന്ന സമയത്ത് പൂര്‍ണ്ണമായും നികുതി വിധേയമാണ്. ഉദാഹരണത്തിന് 60 വയസ്സില്‍ നിക്ഷേപസംഖ്യയുടെ ഭാഗീകമായ തിരിച്ചുവാങ്ങല്‍ എന്ന രീതിയില്‍ മുതലും 'പലിശ'യുമാടക്കം 20 ലക്ഷം രൂപ ഒരാള്‍ക്ക് കിട്ടിയെന്നിരിക്കുക. അദ്ദേഹം ആ സന്ദരഭത്തില്‍ തന്‍റെ മറ്റു വരുമാനത്തോടൊപ്പം 20 ലക്ഷം രൂപ കൂടി കൂട്ടി ആ വന്‍ വരുമാനത്തിന്‍മേലാണ് അന്നത്തെ നിരക്ക് വച്ച് നികുതി നല്‍കേണ്ടിവരിക! അതേസമയം EPF നിക്ഷേപം അത് നടത്തുന്ന സന്ദര്‍ഭത്തില്‍ നികുതിയിളവ് നല്‍കുകയും അതേ സമയം അതില്‍നിന്നുള്ള പലിശ നേടുന്ന സന്ദരഭത്തിലും തിരികെ ലഭിക്കുന്ന വേളയിലും നികുതിയുടെ പരിധിയില്‍ വരില്ലെന്നതുമോര്‍ക്കേണ്ടതുണ്ട്.

 4. NPSല്‍ നിര്‍ബന്ധ നിക്ഷേപമെന്ന രീതിയില്‍ മാസം തോറും ചുരുങ്ങിയത് 500 രൂപയോ അല്ലെങ്കില്‍ വര്‍ഷത്തില്‍ ചുരുങ്ങിയത് 1000 രൂപയോ നിക്ഷേപിക്കേണ്ടതായുണ്ട്.

5. മാര്‍ക്കറ്റിലെ ലാഭനഷടങ്ങള്‍ക്കനുസരിച്ച് വരുമാനത്തിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം എന്നതുകോണ്ടുതന്നെ കൃത്യമായ നിരക്കിലുള്ള (ഉദാ: 8%) ഒരു വരുമാനം ഗ്യാരണ്ടിയായി നല്‍കാന്‍ NPS പദ്ധതിക്ക് കഴിയുമോ എന്നത് ഉറപ്പ് നൽകാനാവില്ല. എങ്കിലും നാളിതുവരെ ഈ പദ്ധതി പേര്ദോഷം വരുത്താതെ ആകർഷകമായ പ്രതിഫലം നൽകിപ്പോരുന്നുണ്ട് എന്നതാണ് വാസ്തവം. അതേ സമയം അനുകൂലമായ സാമ്പത്തീകാവസ്ഥ നിലവിലുള്ള സാഹചര്യത്തില്‍ EPF നെ അപേക്ഷിച്ച് വളരെ ഉയര്‍ന്ന വരുമാനവും നേടാന്‍ അവസരമുണ്ട്.

State Bank of India (SBI) യുടെ മിക്ക ബ്രാഞ്ച് കളും ഈ പദ്ധതിക്കായി നിക്ഷേപ സാദ്ധ്യത ഒരുക്കുന്നുണ്ട്. YONO APP സേവനം ഉപയോഗിക്കുന്നവർക്ക് വളരെ ലളിതമായ രീതിയിൽ NPS നിക്ഷേപം നടത്തുന്നതുന്നുള്ള വഴികാട്ടിയായി അടുത്തിടെ SBI മാർക്കറ്റിങ് പദ്ധതികൾ നടത്തുണ്ട്. UTI, LIC, HDFC, IDBI, ICICI, പ്രധാന പോസ്റ്റ് ഓഫീസുകൾ  തുടങ്ങി ഒരുപാട് ധനകാര്യ സ്ഥാപനങ്ങളിലൂടെയും   NPS പദ്ധതിയിൽ അംഗമാകാം. 

നിക്ഷേപ സന്ദരഭത്തില്‍ ലഭിക്കുന്ന താത്കാലിക നേട്ടത്തിനപ്പുറം ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ നോക്കിക്കാണുന്ന ഒരാള്‍ക്ക് NPS നിക്ഷേപ പദ്ധതി തീര്‍ച്ചയായും ആശ്വാസം തരും.  
To download Malayalam Menu based Income tax calculator with 10 E faciliy (For windows)

Income tax calculation Notes (Financial year 2021-22- AY-2022-23)

Arrear salary മൂലം പൊറുതി മുട്ടിയവർക്ക് 10 E ഫോം സമർപ്പിച്ചുകൊണ്ടു എങ്ങിനെ നികുതി ഇളവ് നേടാം 

EPF (Employee Provident Fund) നിക്ഷേപത്തിന്റെ നെഞ്ചത്ത് നികുത്തിപ്പൂട്ട് വീണുവോ ?




V.H.S.E TEACHER IN ACCOUNTANCY K.N.M.V.H.S.SCHOOL VATANAPPALLY P.O.THRITHALLUR THRISSUR(dt) e mail : babuvadukkumchery@gmail.com

4 comments

  1. I have 10 years govt service as HSA .Since I joined in the year 2006 I come under statutory pension . Can I join NPS and claim deduction over 1.5 lakhs?

    In this article it is said that all who joined after 2004 has employer contrbuition in epf but I have gpf without any employer contribuition pls clarify.
  2. sir,
    NPS investmet is now open to all. Even a person with no job, but have a PAN card, can join. And you can....
  3. Unknown
    This comment has been removed by a blog administrator.
  4. Sir, How to upload 10E details?